എന്റെ ജന്മദിനാഘോഷം
എൻറെ ജന്മദിനവും ഉണ്ണിയേശുവിന്റെ ജന്മമാസമായ ഡിസംബർ മാസത്തിലാണ്. എല്ലാ വർഷവും, കുടുംബാംഗങ്ങളുമായി ചേർന്ന്, ചെറിയ രീതിയിൽ ആചരിക്കാറുണ്ട് .. ക്ഷേത്ര ദർശനത്തിലും പായസ വിതരണത്തിലും കെയ്ക്ക് മുറിക്കലിലും ഒതുക്കുന്ന ചടങ്ങു് വളരെ ലളിതമായേ തോന്നാറുള്ളു ...
എന്തിനും ഏതിനും ആഘോഷങ്ങൾ നടത്തി ആർത്തുല്ലസിക്കുന്ന നമ്മുടെ തലമുറക്ക് ഇക്കാലത്തു ജന്മദിനം ഒരു നല്ല അവസരം തന്നെയാണ് ..
ഈ അവസരത്തിൽ, ജന്മദിനാഘോഷത്തെ പറ്റി, നിങ്ങളുമായി പങ്കുവെക്കുവാൻ, രണ്ടു കാര്യങ്ങളാണ് എൻറെ മനസ്സിൽ ഉള്ളത്..
മാതാപിതാക്കളോടും കുടുംബത്തോടുമൊപ്പം ആഘോഷിക്കുവാൻ നമുക്ക് സാധിക്കുമ്പോൾ, നിർധനരും നിരാലംബരുമായ എത്രയാ കൊച്ചു കുഞ്ഞുങ്ങൾ ഈ ലോകത്തിൽ ജൻമദിനം പോലും അറിയാതെ കഴിയുന്നു.. അങ്ങനെയുള്ള കുട്ടുകാരെ സഹായിക്കേണ്ടത് നമ്മുടെ കൂടെ കടമയല്ലേ ? നമുക്ക് പരിചയമുള്ള ബുദ്ധിമുട്ടുള്ള കൂട്ടുകാർക്കു എന്തെങ്കിലും സഹായം ചെയ്യാൻ ഈ അവസരം ഉപയോഗിക്കാമല്ലോ .. അവർക്കു ഒരു സഹായത്തോടൊപ്പം നമുക്ക് ഒരു സംതൃപ്തിയും ലഭിക്കും.. നിഷ്കളങ്കതയുടെ നിറകുടങ്ങളായ കുഞ്ഞുങ്ങൾ ഇത്തരം ആശയം തുടങ്ങി വെച്ചാൽ മറ്റുള്ളവരും അത് ഏറ്റെടുക്കും.
അടുത്തതായി ഓര്മ വരുന്നത്, വെണ്ണിക്കുളം ഗോപാല കുറുപ്പിന്റെ കവിതയിൽ നിന്നും, എൻറെ അച്ഛൻ പറഞ്ഞു തന്ന രണ്ടു വരികളാണ്.
വയസ്സ് കൂട്ടുവാൻ വേണ്ടി വന്നെത്തും ജന്മാതാരകം
വൈരിയാണോ സുഹൃത്താണോ വളരെ സംശയിപ്പു ഞാൻ
അദ്യമാദ്യമെനിക്കുണ്ടായി വളരാനുള്ള കൗതുകം
അത് വേണ്ടിയിരുന്നില്ലെന്നിന്നു തോന്നണുന്നിതെന്തിനോ ??
ജന്മദിനത്തെ കുറിച്ചുള്ള, ഈ വരികൾ എന്നും പ്രസക്തമാണ്.
ഓരോ ജന്മ ദിനവും നമ്മുടെ ജീവിതത്തിൽ ഒരു വയസ്സ് കൂടി കൂട്ടുന്നു .. . കഴിവും, അറിവും, ജീവിതഭാരവും കൂടുന്നതോടെ, കുഞ്ഞുങ്ങളായ നമ്മൾ മുതിർന്നവരാകാൻ തുടങ്ങുന്നു.. കുട്ടിത്തം നഷ്ടമാകുന്നു ..കുട്ടികൾക്കുള്ള പരിഗണനയിൽ നിന്നും ഒഴിവാക്കപ്പെടുകയും മുതിർന്നവരുടെ പകവാത പ്രതീക്ഷിക്കുകയും ചെയ്യപ്പെടുന്നു...
ജീവിത യാത്രയിലെ നാഴികക്കല്ലുകളായ ജന്മദിനങ്ങൾ ഒരിക്കലും തിരിച്ചു വരുകയില്ല എന്ന സത്യം കയ്പേറിയതു തന്നെ.. അതുകൊണ്ടു ആ പുണ്യ ദിനങ്ങളിൽ സന്തോഷത്തിനും സാധു ജന നന്മക്കുമായി ഉഴിഞ്ഞു വെയ്ക്കണം.. പരസ്പര സഹകരണത്തോടെ പൊതുജനസമൂഹത്തിൽ ജീവിക്കുന്ന നമ്മൾ, ഈ ദിവസങ്ങളെ ഒരുമയുടെയും സ്നേഹത്തിന്റെയും ആഹ്ളാദത്തിന്റെയും ദിനങ്ങളായി ആഘോഷിച്ചാൽ ഓർമയിൽ സൂക്ഷിക്കാൻ കുറച്ചു നല്ല നിമിഷങ്ങൾ എല്ലാവര്ക്കും ലഭിക്കും...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ