2024, ജൂൺ 26, ബുധനാഴ്‌ച

 പിതൃദിന ആശംസകൾ !!!!

പിതൃ രക്ഷതി കൗമാരേ, ഭർതൃ രക്ഷതി യൗവനേ 

പുത്രോ രക്ഷതി വാർദ്ധക്യെ, ന സ്ത്രീ സ്വാതന്ത്ര്യമർഹതി..


ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ആവിർഭാവം മുതൽക്ക് ഏറെ വിവാദ പരാമർശങ്ങൾ നേരിടേണ്ടി വന്ന, ,മനുസ്‌മൃതിയിലെ ഒരു വിവാദ പർവ്വം..

വരികൾക്കിടയിലെ അർഥം മനസ്സിലാക്കാനുള്ള കഴിവ് നഷ്ടപ്പെട്ട അഭിനവ തലമുറയുടെ അവജ്ഞ പേറുന്ന ഒരു സത്യം..


വിഷമങ്ങൾ വരുമ്പോൾ സ്ത്രീയെ രക്ഷിക്കേണ്ടത് പിതാവിന്റെയും ഭർത്താവിന്റെയും പുത്രരുടെയും കടമയാണ് .. സ്ത്രീക്ക് പൂർണ സ്വാതന്ത്ര്യം കൊടുത്താലും ഈ കടമയിൽ നിന്ന് പുരുഷൻ രക്ഷപെടാൻ പാടില്ല.. അതിനു ഫെമിനിസ്റ്റുകൾ എന്ത് വിശദീകരണം നൽകിയാലും കാര്യമില്ല.. പ്രകൃതി ഗത്യാ സ്ത്രീക്കാണ് ഗർഭധാരണവും പ്രസവവും പറഞ്ഞിരിക്കുന്നത്.. അതെ പോലെ തന്നെ പുരുഷന് സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്വവും.. വേലി തന്നെ വിളവ് തിന്നുന്ന ഈ കാലത്തു അതിനൊന്നും പ്രസക്തിയില്ലല്ലോ..


പറഞ്ഞു വന്നത് അതൊന്നും അല്ല.. മാതാ പിതാ ഗുരു ദൈവം.. തുല്യതയാണ് മൂന്ന് പേർക്കും.. പക്ഷെ മാതൃ ദിനത്തിന് അല്പം പ്രാധാന്യം കൂടുതൽ കൊടുക്കുന്നില്ലേ ?  ഞാനൊരു പിതാവായതു കൊണ്ട് തോന്നിയ അസൂയ അല്ല ...


രണ്ടു പേരും കുഞ്ഞുങ്ങളെ വളർത്താൻ അഹോരാത്രം ചിന്തിക്കുന്നു.. (അണുകുടുംബത്തിന്റെ ഈ കാലഘട്ടം ആയതുകൊണ്ട്, കഷ്ടപ്പെടുന്നു എന്ന വാക്ക് ഉപയോഗിക്കാത്തതാണ്.. ഇപ്പോൾ മാതാപിതാക്കളെക്കാൾ പല കുഞ്ഞുങ്ങൾക്കും ആശ്രയിക്കേണ്ടി വരുന്നത് വേലക്കാരേയും മുത്തശ്ശൻ മുത്തശ്ശി മാരെയും ആണല്ലോ ..)


നമുക്ക്, കഴിഞ്ഞു പോയ തലമുറയെ ഒന്ന് ഓർത്തു നോക്കാം.. എന്റെ വ്യക്തിജീവിതത്തിൽ എനിക്ക് തോന്നിയത് ദൈനംദിന കാര്യങ്ങളെ കുറിച്ച് വേവലാതിപെടുന്നത്  അമ്മയും ഭാവിയെക്കുറിച്ചു വ്യക്തമായ ധാരണയോടെ പ്രവർത്തിക്കുന്നത്  അച്ഛനും ആയിരുന്നു എന്നാണ്.


എത്രയൊക്കെ ആധുനികത പറഞ്ഞാലും, പലപ്പോഴും അമ്മയുടെ മനസ്സ് മറനീക്കി പുറത്തു വരുന്നത് കണ്ടിട്ടുണ്ട്. മുഖത്തുനോക്കി, എനിക്ക് മറ്റേ മകനെയാണ് കൂടുതൽ ഇഷ്ടം എന്ന് പറഞ്ഞപ്പോഴും ഞാൻ ചിരിച്ചു തള്ളിയത് എന്റെ അച്ഛൻ എന്നിലുണ്ടാക്കിയ ആ നിസ്സംഗ സമീപനം കൊണ്ടാണ് .. പ്രായോഗിക ബുദ്ധി ഏറെയുള്ളത് അമ്മക്കായിരുന്നെങ്കിലും വ്യക്തിത്വ വികസനത്തിലും കാര്യങ്ങളെ മനസ്സിലാക്കി പ്രതികരിക്കുന്നതിലും മിടുക്കൻ അച്ഛൻ തന്നെ.. ജീവിതത്തിന്റെ കയ്‌പേറിയ പല ഘട്ടങ്ങളിലും അമൂല്യമായ അറിവുകൾ പകർന്നത് അച്ഛനാണ് ... നെല്ലിക്ക പോലെ, കേൾക്കുമ്പോൾ ദേഷ്യം തോന്നുമെങ്കിലും ആ വാക്കുകൾ സത്യമായി തന്നെ ഫലിക്കുന്നത് പലപ്പോഴും കണ്ടു. പണ സമാധാനമുണ്ടെങ്കിലേ മന സമാധാനവും ഉള്ളു എന്ന് മനസ്സിലായി.. ബന്ധുക്കളും സമൂഹവും വിലവെക്കുന്നത് ദ്രവ്യത്തിന്റെ അടിസ്ഥാനത്തിലും കൂടിയാണെന്ന് അന്ന് വിശ്വസിച്ചില്ല .. പക്ഷെ പിതൃ സ്ഥാനീയനായ ചിറ്റപ്പൻ, ജീവിതത്തിന്റെ കണക്കുപുസ്തകത്തിന്റെ അവസാന താളുകൾ മറിക്കുമ്പോൾ, അച്ഛന്റെ അതെ വാചകങ്ങൾ എന്നോട് പറഞ്ഞത്  അത്ഭുതമായി .. പിതാവിന്റെ വേഷമണിഞ്ഞു നിക്കുമ്പോൾ ആ പഴയ മൊഴികൾ വീണ്ടും എന്നെ തേടിയെത്തുന്നു.. സ്വന്തം സഹധര്മിണിയോട് പോലും പറയാത്ത കാര്യം അച്ഛൻ മകനോട് പറയുന്നെങ്കിൽ, അവിടെയല്ലേ യഥാർഥ പുത്രസ്നേഹം വഴിഞ്ഞൊഴുകുന്നത് ?  ജീവിച്ചിരിക്കുമ്പോൾ തന്നെ അവരുടെ വാക്കുകളെ മനൂ സ്‌മൃതി പോലെ അവഗണിക്കാതെ, അതിലെ ആന്തരാർത്ഥം ഗ്രഹിക്കാൻ കഴിഞ്ഞാൽ, അതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വല്യ സ്വത്ത് ..


എല്ലാ പിതാക്കന്മാർക്കും  എന്റെ പിതൃദിന ആശംസകൾ !!!!